മുന്നറിയിപ്പില്ലാതെ രാത്രി പലതവണ വൈദ്യുതി നിലയ്ക്കല്‍ പതിവായി; ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ തെറിവിളി കേട്ട് മടുത്തതോടെ ആ അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം 'പവര്‍ക്കട്ടായി' മാറുന്നു; സംസ്ഥാനത്ത് 15-30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം; എസ്എംഎസ് വഴി മുന്‍കൂട്ടി അറിയിക്കുമെന്ന് കെഎസ്ഇബി; പവര്‍ക്കട്ട് വീണ്ടുമെത്തുന്നത് 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന പേരില്‍.*

 





സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ലോഡ് ഷെഡ്ഡിങ്ങായി മാറുന്നു. ഇതുവരെ അപ്രഖ്യാപിത വൈദ്യുതി നിയന്തരണം എന്ന പേരില്‍ രാത്രിയില്‍ പലതവണ വൈദ്യുതി നിയന്ത്രണം പതിവായതോടെ കടുത്ത ജനരോഷം ഉയര്‍ന്നിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ തെറിവിളി കേട്ട് മടുത്തതോടെ സംസ്ഥാനത്ത് വീണ്ടും പവര്‍ക്കട്ട് ഔദ്യോഗികമായി.

സംസ്ഥാനത്ത് 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയായിരിക്കും വൈദ്യുതി നിയന്ത്രണം. 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് പേരിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. വൈദ്യുതി നിയന്ത്രണം എസ്എംഎസ് വഴി മുന്‍കൂട്ടി അറിയിക്കും. പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു.



പ്രതീക്ഷകള്‍ക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ആവശ്യകതയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് കെഎസ്ഇബി പറയുന്നു. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കള്‍ക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് വകുപ്പെന്നും കെഎസ് ഇബി.


വൈദ്യുതി ആവശ്യകത പരിധിക്കപ്പുറം ഉയര്‍ന്നതോടെ പ്രസരണ വിതരണ ശൃംഖലയും വലിയ സമ്മര്‍ദ്ദത്തിലാണ്. ഇക്കാരണത്താല്‍ ചിലയിടങ്ങളിലെങ്കിലും വോള്‍ട്ടേജ് കുറവ് അനുഭവപ്പെടുന്നുണ്ട്. അത്തരം ഇടങ്ങളില്‍ ശൃംഖലാ പുനക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും കെഎസ്ഇബി വ്യക്തമാക്കി.


'വേനല്‍ച്ചൂട് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രില്‍ 18-ന് സര്‍വ്വകാല റെക്കോര്‍ഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തി. വൈകുന്നേരം ആറിനും 10-നും ഇമിടയിലെ വൈദ്യുതി ആവശ്യകതയും ചരിത്രത്തിലാദ്യമായി 6033 മെഗാവാട്ട് എന്ന റെക്കോര്‍ഡിലേക്ക് ഉയര്‍ന്നു. ഏപ്രില്‍ 23-ന് രാത്രി 10:30ന് ഒരു മിനിറ്റ് നേരം 6195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടുകയുണ്ടായി.'


'ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ വൈകുന്നേരം 6-നും രാത്രി 11-നുമിടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പമ്പ് സെറ്റ്, ഇന്‍ഡക്ഷന്‍ സ്റ്റൗ, വാട്ടര്‍ ഹീറ്റര്‍, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീന്‍, എ സി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുതി വാഹന ചാര്‍ജിങ്ങും വൈകുന്നേരം ആറുമണിക്കുശേഷം ഒഴിവാക്കി പരമാവധി മറ്റുസമയങ്ങളില്‍ ക്രമീകരിക്കണം.'


എസിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകുമെന്നും ഇത്തരം ക്രമീകരണങ്ങള്‍ ഉയര്‍ന്ന വൈദ്യുതി ബില്‍ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെ എസ് ഇ ബി അറിയിച്ചു.


വേനല്‍മഴ കിട്ടിയില്ലെങ്കില്‍ വൈദ്യുതി വിതരണം പരുങ്ങലിലാകുമെന്ന് കെ.എസ്.ഇ.ബി നേരത്തെ വ്യക്തമാക്കിയിരുന്നു. ജലവൈദ്യുതി പദ്ധതികളിലെ ജലനില ഇപ്പോള്‍ സംഭരണ ശേഷിയുടെ മുപ്പതുശതമാനം മാത്രം. 1279.59 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പ്രതിദിനം ശരാശി 25 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതി ഉല്‍പാദിപ്പിച്ചാല്‍ 51 ദിവസത്തേയ്ക്കുള്ള ജലം. കഴിഞ്ഞവര്‍ഷം ഇതേദിവസം 1641.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. ഏറ്റവും മോശം അവസ്ഥ 2017 ലായിരുന്നു. അന്ന് ഇതേ ദിവസം അണക്കെട്ടുകളില്‍ 868.62 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം മാത്രമാണുണ്ടായിരുന്നത്.


അതേസമയം, പവര്‍ എക്‌സ്ചേഞ്ചില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ റെഗുലേറ്ററി കമ്മിഷന്‍ അനുമതിനല്‍കിയിരുന്നു. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ കോര്‍കമ്മിറ്റി ചര്‍ച്ച ചെയ്യും. യൂണിറ്റിന് പരമാവധി 10 രൂപയ്ക്ക്, ഡേ എഹെഡ് കണ്ടിജന്‍സി മാര്‍ക്കറ്റില്‍ നിന്ന് ഹ്രസ്വകാല കരാര്‍ വഴി വാങ്ങാനാണ് അനുമതി നല്‍കിയത്.


അതേസമയം സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരണമെന്നും ഒപ്പം സംസ്ഥാനത്ത് മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. യുദ്ധം തീരണം, മഴയും പെയ്യണം. അതാണ് പ്രതീക്ഷയെന്ന് കെ കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. യുദ്ധത്തെതുടര്‍ന്നുള്ള പാചക വാതക പ്രതിസന്ധി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിച്ചു. ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗമാണ് പ്രധാന പ്രശ്നം. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാന്‍ അനുമതിയായിട്ടുണ്ട്. ഇതുകൊണ്ട് പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും.


കറന്റ് ബില്ല് കൂടുമോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ല. ലോഡ് ഷെഡിങ് ഉണ്ടാകില്ല. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാന്‍ മുന്നൊരുക്കം ഉണ്ടായില്ലെന്ന റെഗുലേറ്ററി കമ്മീഷന്റെ വിമര്‍ശനം പരിശോധിക്കും. ഇന്ന് മഴ പെയ്താല്‍ തന്നെ വലിയ മാറ്റം ഉണ്ടാകും. മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരവും ചെലവും കണക്കാക്കി റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതി നിരക്കിന്റെ കാര്യങ്ങള്‍ തീരുമാനിക്കുക. ലാഭം കുറച്ച് കുറഞ്ഞാലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കാനാണ് ശ്രമമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

Post a Comment

0 Comments